Apr 28, 2024

മുസ്ലിംലീഗ് ചരിത്രം ഞാനറിഞ്ഞത്

മലബാറിലെ മുസ്ലിംലീഗിന്റെ ചരിത്രം നാട്ടിലെ ലീഗുകാരോട് ചോദിച്ചപ്പോഴൊന്നും കിട്ടിയിരുന്നില്ല. പിന്നീട് വായിച്ചറിഞ്ഞ ഇസ്ലാംചരിത്രങ്ങളിൽ നിന്നടർത്തി മുസ്ലീംലീഗ് ചരിത്രം വളരെലളിതമായി എഴുതാൻ ശ്രമിക്കുകയാണ്. താനറിഞ്ഞതൊക്കെ തന്റെ വിശ്വാസങ്ങൾക്കു യോജിച്ചരീതിയിൽ മാത്രം മനസ്സിലാക്കുന്ന ബലഹീനതയുള്ള മനുഷ്യനാണ് ഞാനും എന്നുപറഞ്ഞുകൊണ്ട് ശ്രമിക്കട്ടെ.


അബ്ദുറഹ്മാൻ സാഹിബ്‌ കോണ്‍ഗ്രെസിന്റെ ഭാഗമായി നിലനിന്ന് മലബാറിലെ മാപ്പിളാരുടെ പ്രധാന ശബ്ദമായി മാറിയിരുന്ന കാലത്താണ് മുസ്ലിംലീഗ് , സമുദായത്തെ നയിക്കാൻ വരുന്നത്.




1930കളിൽ തലശ്ശേരിയിൽ സത്താർ സേട്ടും കുറച്ചു ചെറുപ്പക്കാരും കൂടി മുസ്ലീം ക്ലബ്‌ ഉണ്ടാക്കി ഇതാണ് പിന്നീട് മുസ്ലിം ലീഗ് ആയത് കേരളത്തിൽ. 1932ൽ മുസ്ലിംക്ലബ്‌ സംഘടന പച്ചപിടിക്കുന്ന സമയത്ത് കോണ്‍ഗ്രെസുകാരനായ അഭിഭാഷകൻ സീതിസാഹിബ്‌ കൊച്ചിയിൽ നിന്ന് തലശ്ശേരിയിൽ എത്തുന്നു. ക്ലബിനെ കുറിച്ചറിഞ്ഞ സീതിസാഹിബ് അതിൽ ചേർന്നു. സത്താർ സേട്ടിനെ കൂടാതെ കുഞ്ഞിമായിൻ ഹാജിയേയും സിപി മമ്മുവിനെയും പോലുള്ള തലശ്ശേരിയിലെ പ്രമുഖ മുസ്ലീങ്ങളായിരുന്നു ഈ ക്ലബിലെ മറ്റംഗങ്ങൾ. ഇവർ ദിവസവും വൈകിട്ട് ഒന്നിച്ചിരിക്കുകയും വിവിധവിഷയങ്ങളിൽ ചർച്ചനടത്തുകയും ചെയ്തു.


മുസ്ലിംക്ലബ്‌ ആദ്യം രാഷ്ട്രീയത്തെ ഞെട്ടിക്കുന്നത് 1934ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച അബ്ദുറഹ്മാൻ സാഹിബിനെ മലർത്തിയടിച്ചപ്പോയാണ്. ആ തിരഞ്ഞെടുപ്പിൽ മുസ്ലിങ്ങൾക്കുള്ള തലശ്ശേരി സീറ്റിൽ കോണ്‍ഗ്രസ്‌, സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അബ്ദുറഹ്മാൻ സാഹിബ്‌ സ്ഥാനാർഥിയായി നാമനിർദേശം നൽകി. സ്വതന്ത്ര സ്ഥാനാർഥിയായി സത്താർസേട്ടും നിന്നു. അബ്ദുറഹ്മാൻ സാഹിബ്‌ 322 വോട്ടുകൾക്കു പരാജയപ്പെട്ടു.


സത്താർസേട്ട് അന്നു അബ്ദുറഹ്മാൻ സാഹിബിനെ തോല്പ്പിച്ചത് ലീഗിന്റെ വരവറിയിക്കലായിരുന്നു. അത്രയും ജനപിന്തുണയുള്ള നേതാവായിരുന്നു അബ്ദുറഹ്മാൻ സാഹിബ്‌. അത്രയും ജനപിന്തുണയുണ്ടേൽ എന്താണ് തോറ്റത് എന്നാണോ? അന്ന് നികുതിയടക്കുന്നവർക്കു മാത്രമേ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. അബ്ദുറഹ്മാൻ സാഹിബിന്റെ പിന്തുണമുഴുവൻ പാവങ്ങളായ കർഷകമുസ്ലിങ്ങളുടേതായിരുന്നു. കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ വഴക്കുകാരണം കേളപ്പൻ ഗ്രൂപ്പ്‌ കാലുവാരിയതും പരാജയത്തിനു കാരണമായി. ഈ തിരഞ്ഞെടുപ്പിനു ശേഷം സാഹിബ്‌ കുറച്ചുകാലം മനംമടുത്ത് കോണ്‍ഗ്രസിൽ നിന്നുമാറി നിന്നു.


സത്താർ സേട്ട് അഖിലേന്ത്യാ ലീഗുമായി നല്ലബന്ധം തുടക്കംമുതലേ സ്ഥാപിച്ചിരുന്നു. താമസിയാതെ നാഷണൽ ലീഗിന്റെ പ്രവർത്തന കൌണ്‍സിൽ അംഗങ്ങളിൽ ഒന്നാകാൻ സേട്ടിനു കഴിഞ്ഞു. ഇതിനുപിറകെ മുസ്ലിംക്ലബിലെ ഉപ്പിസാഹിബും സീതിസാഹിബും ലീഗിന്റെ നാഷണൽ കൌണ്‍സിലിൽ എത്തി. അഖിലേന്ത്യാ ലീഗുമായുള്ള ഈ ബന്ധം മലബാറിലും മുസ്ലിം ലീഗ് ഉണ്ടാവണമെന്ന ആശയത്തിലേക്കിവരെയെത്തിച്ചു.




1937 മെയ്‌ 21ന് കണ്ണൂര് ,കട്ടകത്ത് അഹമ്മദ് കുഞ്ഞി ഹാജിയുടെ നേതൃത്വത്തിൽ , നടന്ന യോഗത്തിൽ ചിറക്കൽ താലൂക്കിൽ ലീഗിന്റെ യൂണിറ്റു തുടങ്ങാൻ തീരുമാനിച്ചു. ഇതേ സമയംതന്നെ ഇസ്മായീൽ സേട്ടും കെ എ മുഹമ്മദും മുൻകൈയെടുത്ത് കൊച്ചിൻ സ്റ്റേറ്റ് ലീഗ് പ്രവർത്തനം ആരംഭിച്ചു. 1937 ഡിസംബർ 20ന് തലശ്ശേരിയിൽ നടന്ന മീറ്റിങ്ങിലാണ് മലബാർ ജില്ലാ മുസ്ലിംലീഗ് സ്ഥാപിക്കുന്നത്. ആദ്യ കമ്മിറ്റിയിൽ സത്താർസേട്ട് സെക്രെട്ടറിയും അറക്കൽ അലി പ്രസിഡന്റുമായി. കെ എം ഹസ്സൻ കോയ, ഉപ്പി സാഹിബ്‌ (വൈസ് പ്രസിഡന്റ്‌). സീതിസാഹിബ്‌, എംവി ഹൈദ്രോസ്(ജോയിന്റ് സെക്രട്ടറി). സിപി മമ്മു(ട്രെഷറർ) ഇങ്ങനെയായിരുന്നു അന്നത്തെ കമ്മിറ്റി. തലശ്ശേരി മലബാർ ലീഗിന്റെ ആസ്ഥാനമാക്കി.



മുസ്ലിം ലീഗ് രൂപീകരിച്ചു എങ്കിലും അതുകഴിഞ്ഞുവന്ന തിരഞ്ഞെടുപ്പിൽ ലീഗ് കോഴിക്കോട്-കുറുമ്പനാട് മണ്ഡലത്തിൽ  ആറ്റക്കോയ തങ്ങൾക്കെതിരെ പരാജയപ്പെട്ടു. കോട്ടയം വയനാട് മണ്ഡലത്തിൽ എ കെ കാദർകുട്ടി ലീഗിന് ജയം നേടിക്കൊടുത്തെങ്കിലും ആറ്റക്കോയ തങ്ങളോട് ഏറ്റ പരാജയം ലീഗിന് ക്ഷീണമായി. ആറ്റക്കോയതങ്ങൾ അന്നു ജയിക്കാനുള്ള പ്രധാനകാരണം അങ്ങേർക്ക് പിന്തുണയായി നിന്ന ബാഫഖി തങ്ങളായിരുന്നു. ബാഫഖി തങ്ങൾക്ക് വിശ്വാസികളിൽ ഭയങ്കര സ്വാധീനമായിരുന്നു.


അധികംതാമസിയാതെ ബാഫഖി തങ്ങൾ മുസ്ലിംലീഗിൽ എത്തി. അതു മുസ്ലിംലീഗിനു സാധാരണക്കാരിലേക്കും വിശ്വാസികളിലേക്കും വളരാനുള്ള വഴിയായി. ഇതോടൊപ്പം തന്നെ ദേശീയ നേതാക്കളായ ഷൗക്കത്തലിയെയും ഫസലുൽ ഹക്കിനെയും ഖ്വാസി ഈസയെയും പോലുള്ളവർ കേരളത്തിലെത്തി യോഗങ്ങളും പ്രസംഗങ്ങളും നടത്തിയതും ലീഗിന്റെ വളർച്ചയെ സഹായിച്ചു.


വിദ്യാർത്ഥികളെയും യുവാക്കളെയും പാർട്ടിയിലേക്കാകർഷിക്കാൻ വേണ്ടി ലീഗ് പോഷകസംഘടനകൾ ആരംഭിച്ചു. 1938ൽ കോഴിക്കോട് മുസ്ലിം യൂത്ത് ലീഗ് സ്ഥാപിച്ചു. എംവി ആലിക്കോയയും അഹമ്മദ്‌ കോയയും പുനത്തിൽ മമ്മുവും യൂത്ത് ലീഗിന് നേതൃത്തം നൽകി. ഇക്കാലത്ത് തന്നെ മാളിയക്കൽ അബ്ദുവിനെ പ്രസിഡന്റ്‌ ആക്കിക്കൊണ്ട് വിദ്യാർത്ഥികൾക്കായി മുസ്ലിം ബാല ലീഗ് നിലവിൽ വന്നു. 1943 ജനുവരിയിൽ പി മൊയ്തു ജനറൽ സെക്രട്ടറിയായി ആരംഭിച്ച മുസ്ലിം സ്റ്റുഡെന്റ് ഫെഡെറേഷനിലൂടെയാണ് സിഎച്ച് മുഹമ്മദ്‌ കോയയും എസ് എം തങ്ങളുമൊക്കെ ലീഗ് പ്രവർത്തനത്തിലേക്കിറങ്ങുന്നത്.



മുപ്പതുകളുടെ അവസാനത്തോടെ യാദാസ്ഥികരുടെ ലീഗിലേക്കുള്ള വരവ് കൂടി, ഇത് ഇത്തിരി പുരോഗമനവാദിയായ അബ്ദുറഹ്മാൻ സാഹിബിനുള്ള പിന്തുണ മുസ്ലിംസമൂഹത്തിൽ കുറഞ്ഞുവരാൻ കാരണമായി. ഇതിനൊക്കെ മുന്നേ ലീഗ് ചന്ദ്രിക പത്രം തുടങ്ങിയിരുന്നു. അത് അബ്ദുറഹ്മാൻ സാഹിബിന്റെ അൽഅമീൻ പത്രം തകരാൻ കാരണമായി. അബ്ദുറഹ്മാൻ സാഹിബ്‌ തകർന്നുകൊണ്ടേയിരുന്നാലും ലീഗിന് അങ്ങേരു കരടായിതുടർന്നു. അപ്പോഴാണ് ലാഹോർ പ്രമേയം വരുന്നത്. ജിന്നയുടെ ലീഗിന്റെ കൂടെനിന്ന് മലബാറിലും മുസ്ലിംലീഗ് പാകിസ്ഥാന് വേണ്ടിവാദിച്ചു. 1942ൽ നടന്ന ലീഗ് സംസ്ഥാന സമ്മേളനത്തിൽ ബാഫഖിതങ്ങളും ആറ്റക്കോയ തങ്ങളുമൊക്കെ പാകിസ്ഥാന് വേണ്ടി നിലകൊണ്ടു. കെകെ അബുവായിരുന്നു പാകിസ്ഥാൻ വാദത്തിനു ചുക്കാൻ പിടിച്ചത്. അദ്ദേഹം ഈ ആവശ്യമുന്നയിച്ച് ഗവണ്മെന്റിനെതിരെ സായുധവിപ്ലവം നടത്താൻ വേണ്ടി മൈസൂർ അതിർത്തിവഴി ആയുധം കടത്താൻ വരെ തുനിഞ്ഞു.


പക്ഷെ പാകിസ്ഥാൻ വാദത്തെ അബ്ദുറഹ്മാൻ സാഹിബ്‌ എതിർത്തു. മതമല്ല മനുഷ്യരെ വിലയിരുത്താനും ഒന്നിച്ചിരുത്താനും ഉപയോഗിക്കേണ്ടത് എന്നങ്ങേരു പറഞ്ഞു. ലീഗിന് കിട്ടിയ വടിയായിരുന്നു അത്, അദ്ദേഹത്തെ മുസ്ലിംസമൂഹം മൊത്തം എതിർക്കുന്ന വിധത്തിലായി. സമുദായ ദ്രോഹിയെന്ന് അങ്ങേരെമുദ്രകുത്തി. നാടുനീളെ അബ്ദുറഹ്മാൻ സാഹിബിനെതിരെ ഗോബാക്ക് മുദ്രാവാക്യങ്ങൾ മുഴങ്ങി.


ഇതിനിടെ അബ്ദുറഹ്മാൻ സാഹിബ്‌ ഫോർവേഡ് ബ്ലോക്ക്‌ മലബാറിൽ സ്ഥാപിക്കുകയും ഇതിനെ തുടർന്ന് ജയിലിലുമായി. കോണ്‍ഗ്രസ്‌ അതോടെ മലബാറിൽ നാഥനില്ലാ കളരിയായി. ലീഗ് ആ സമയം ബാക്കിയുള്ള കോണ്‍ഗ്രസ്‌മുസ്ലിങ്ങളെ ആക്രമിക്കാൻ ഉപയോഗിച്ചു. തലശ്ശേരിയിൽവെച്ച് വേദിയിൽ കയറി യാക്കൂബ് ഹസന്റെ കഴുത്തിൽ മക്കിസാഹിബ് കറുത്തമാലയിട്ടു. ലീഗ് മലബാർ മുസ്ലീങ്ങളെ അടക്കിവാണു.


പാകിസ്ഥാൻ വാദത്തിൽ ആകർഷിക്കപ്പെട്ട കോണ്‍ഗ്രസിന്റെ പഴയ കെപിസിസി പ്രസിഡന്റ്‌ പികെ മൊയ്ദീൻ കുട്ടി കോണ്‍ഗ്രസ്‌ വീട്ടു ലീഗിൽ ചേർന്നു. 1945ൽ മൊയ്തീൻ കുട്ടിയും സീതിസാഹിബും മദ്രാസ്‌ അസംബ്ലിയിൽ പാകിസ്ഥാനും ഒപ്പം മാപ്പിളസ്ഥാൻ എന്ന സ്റ്റേറ്റുംകൂടെ വേണമെന്നും വാദിച്ചു. മാപ്പിളസ്ഥാൻ നടന്നില്ലേലും ഈ വാദം മുസ്ലീങ്ങളെ ലീഗിലേക്ക് കുറേക്കൂടി അടുപ്പിച്ചു.


അബ്ദുറഹ്മാൻ സാഹിബും മൊയ്ദു മൗലവിയും ജയിലിൽ നിന്നിറങ്ങിയിട്ട് പാകിസ്ഥാൻ വാദത്തിനെതിരെ നാടുനീളെ പൊതുയോഗങ്ങൾ നടത്തി. മതത്തിന്റെ പ്രശ്നമല്ല ഇതു ദേശത്തിന്റെ പ്രശ്നമാണെന്ന് അബ്ദുറഹ്മാൻ സാഹിബ്‌ പ്രസംഗിച്ചു. വടക്കേ ഇന്ത്യയിലെ പോലെയല്ല ഇന്ത്യയുടെ ഇങ്ങേയറ്റത്തു കിടക്കുന്ന മലബാറിലെ മാപ്പിളാർ എന്നും, ഇത്രയും ജനസംഖ്യയെ സ്വീകരിക്കാൻ പാകിസ്ഥാനു കഴിയില്ലാ എന്നും, അഥവാ സ്വീകരിച്ചാൽ തന്നെ ഭാഷയും ഭക്ഷണവും സംസ്കാരവും ഒക്കെ മാറ്റമായ ഇന്ത്യയുടെ അങ്ങേയറ്റത്തേക്ക് വെറും മതമെന്ന സാമ്യവും വെച്ചു പോയിട്ടെങ്ങനെ ജീവിക്കുമെന്നും അബ്ദുറഹ്മാൻ സാഹിബ്‌ തൊണ്ടകീറി എല്ലാരോടും ചോദിച്ചു. എന്നാൽ ലീഗിന്റെ മതം പറയലിൽ അടഞ്ഞുപോയ ജനങ്ങളുടെ ചെവി അബ്ദുറഹ്മാൻ സാഹിബിനു വേണ്ടി തുറന്നില്ല. അബ്ദുറഹ്മാൻ സാഹിബ്‌ അകാലത്തിൽ മരണപ്പെട്ടു. കോണ്‍ഗ്രസും ലീഗുമായുള്ള അക്രമങ്ങൾ തുടർന്നു, വർഗീയത പരന്നു.


പാകിസ്ഥാൻ വാദം ജയിച്ചു, പക്ഷെ അപ്പോഴാണ് അതോണ്ട് ഇങ്ങേയറ്റത്തു കിടക്കണ മലബാറിലെ മാപ്പിളാർക്ക് ഒരു ഗുണവുമില്ലാന്ന് ലീഗുകാർക്കു മനസ്സിലായത്‌. അവർ കോണ്‍ഗ്രസിനെ നോക്കി ചിരിച്ചു നോക്കി. കോണ്‍ഗ്രസ്‌ പട്ടികളെ നേരിടുന്നത് പോലെ ലീഗിനെ നേരിട്ടു. ഇന്ത്യ വിട്ടുപോകൂന്നു പറഞ്ഞുകൊണ്ട് എല്ലാവിടെയും മുസ്ലീങ്ങൾ അക്രമിക്കപ്പെട്ടു. ലീഗിന്റെ രാഷ്ട്രീയനയത്തിന്റെ ഗുണംകൊണ്ട് ഒരു മാപ്പിളയും മലബാറിൽ സമാധാനത്തിൽ ഇരുന്നില്ല.


ഇതിനിടെ സത്താർ സേട്ട്, നമ്മുടെ ലീഗിന്റെ ആദ്യത്തെ സെക്രട്ടറി, അങ്ങേര് പാകിസ്ഥാനിൽ പോയി വല്യ അധികാരത്തിൽ എത്തി. അങ്ങേര് ഈജിപ്തിൽ പാകിസ്ഥാന്റെ അംബാസിഡറായി, ജനങ്ങൾ ആണ് അങ്ങേരുടെ പ്രധാന വികാരമെന്ന് അധികാരത്തിനു വേണ്ടി നാടുവിട്ടപ്പോ മനസ്സിലായിക്കാണുമല്ലോ.


മലബാറിൽ ലീഗ് നേതാക്കളൊക്കെ പാർട്ടിവിട്ടു, വിടാത്തവരെ അറസ്റ്റ് ചെയ്തു കോണ്‍ഗ്രസ്‌. മദ്രാസ്‌ അസംബ്ലി സേനയിൽ മുസ്ലിങ്ങളെ എടുക്കരുത് എന്നു പറഞ്ഞു ഭരണഘടനാ ഉത്തരവ് തന്നെയിറക്കി. കൊച്ചിൻ സ്റ്റേറ്റ് ലീഗ് പിരിച്ചുവിട്ടു.


ലീഗിന്റെ ഉദ്ദേശമായ പാകിസ്ഥാൻ നേടിയ സ്ഥിതിക്ക് ഇനി മുസ്ലിംലീഗിന്റെ ആവശ്യമില്ലാ ഇന്ത്യയിൽ എന്ന് ലീഗ് നേതാക്കൾ തന്നെ പറഞ്ഞു. ഇതേ വാദം കൊൽക്കത്തയിൽ സുഹ്രാവാദിയുടെ നേതൃത്വത്തിൽ നടന്ന മുസ്ലീം നേതാക്കളുടെ ചർച്ചയിലും വന്നു. ഇസ്മായേൽ സാഹിബും സീതി സാഹിബും ഇതിനെ എതിർത്തു. ഇന്ത്യയിലെ മുസ്ലീങ്ങളുടെ പ്രതിനിധിയായി പാർട്ടി തുടരണമെന്നാവശ്യപ്പെട്ടു. ഇതിന് അപ്രതീക്ഷിതമായ പിന്തുണ ആ യോഗത്തിൽ കിട്ടി.


ഓരുമാസം കഴിഞ്ഞ് 1947 ഡിസംബറിൽ കറാച്ചിയിൽ നടന്ന യോഗത്തിൽ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും പാകിസ്ഥാന്റെ കാര്യങ്ങൾക്ക് പാകിസ്ഥാൻ മുസ്ലിം ലീഗും എന്ന തീരുമാനമായി. ഇസ്മായീൽ സാഹിബ്‌ ഇന്ത്യയിലെയും ലിആഖത്തലി ഖാൻ പാകിസ്ഥാനിലെയും കണ്‍വീണറായി തിരഞ്ഞെടുക്കപ്പെട്ടു. 1948 മാർച്ചിൽ ഇതിന്റെ തുടർചർച്ചയ്ക്കായി മദ്രാസിൽ മുസ്ലിം ലീഗ് നേതാക്കൾ യോഗംചേർന്നു. ഈ യോഗത്തിൽ നേതാക്കളുടെ ഇടയിൽ പല അഭിപ്രായമുണ്ടായി. ലീഗ് വെറും സാംസ്‌കാരിക സംഘടനയായി തുടരണം എന്നും, പാർട്ടി പിരിച്ചു വിടുകയോ അല്ലേൽ പേരുമാറ്റുകയോ ചെയ്യണമെന്നും അഭിപ്രായം ഉയർന്നു.



എന്നാൽ ഇസ്മായീൽ സാഹിബിന്റെയും സീതി സാഹിബിന്റെയും ശക്തമായ പ്രതിരോധത്തിൽ ഈ വാദങ്ങളൊക്കെ തകരുകയും. മുസ്ലിംലീഗ് പ്രവർത്തനം തുടരണമെന്ന പ്രമേയം യോഗം പാസ്സാക്കുകയും ചെയ്തു. ഇസ്മായീൽ സാഹിബ്‌ പ്രസിഡന്റും മെഹബൂബ് അലി സെക്രട്ടറിയുമായി പ്രഥമ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് കമ്മിറ്റി അങ്ങനെ ആ യോഗത്തോടെ നിലവിൽവന്നു.

അങ്ങനെ ഇന്നത്തെ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഉണ്ടായി. ഇന്ത്യ റിപബ്ലിക്‌ ആയി , 1952ൽ മദ്രാസ്‌ അസംബ്ലി തിരഞ്ഞെടുപ്പ് നടന്നു. ലീഗിന് വിഭജനത്തിനു ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ് എന്നതുകൊണ്ട് തന്നെ നിലനില്പ്പിനായുള്ള പോരാട്ടമായിരുന്നു അത്. ലീഗ് 12 സീറ്റിൽ മത്സരിച്ചു അഞ്ചെണ്ണത്തിൽ മാത്രമേ ജയിച്ചുള്ളൂ. പക്ഷെ 32 സീറ്റിൽ മത്സരിച്ച് വെറും നാലിൽ മാത്രം ജയിച്ച കോണ്‍ഗ്രസ്‌ മറുവശത്തുള്ളതുകൊണ്ട് ലീഗിന് തിരഞ്ഞെടുപ്പ് പരാജയം വല്യക്ഷീണമായില്ല.
ആ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും പ്രജാപാർട്ടിയും ഭരിക്കാനുള്ള പിന്തുണയ്ക്കായി ലീഗിനെ സമീപിച്ചു. എന്നാൽ നിരീശ്വരന്മാരായ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി ഒരു സഖ്യവുമില്ലെന്ന് ഇസ്മായീൽ സാഹിബ്‌ പ്രഖ്യാപിച്ചു. തുടർന്ന് ലീഗ് കോണ്‍ഗ്രസിന്‌ പിന്തുണ നൽകുകയും ചെയ്തു.


കേരളം പിറന്നു, കേരളം ഇന്ത്യയിൽ അല്ലാത്തതു കൊണ്ടുതന്നെ ലീഗ് പെട്ടെന്നു തന്നെ വീണ്ടും വളർന്നു. 


സ്വാതന്ത്ര്യത്തിനു മുന്നേയുള്ള ലീഗ്, ഭൂരിഭാഗം വരുന്ന കർഷകരായ മുസ്ലിങ്ങളിൽ നിന്നകലെയായിരുന്നു. നേതൃത്തത്തിലുള്ള സത്താർ സേട്ടിനെപോലുള്ള സമ്പന്നർ ഒരിക്കലും പാവങ്ങളെ പാർട്ടിയുടെ ഭാഗമായി കണ്ടില്ല. പലപ്പോഴും ജമ്മികളെ വെറുപ്പിക്കാൻ ഉള്ള മടികൊണ്ട് പാവങ്ങളായ കർഷകരുടെ പലകാര്യത്തിലും ലീഗ് മൗനംപാലിച്ചു. 1921ലെ മലബാർ കലാപത്തെ സ്മരിക്കാൻപോലും ലീഗ് തയ്യാറായില്ല. 


ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പാവങ്ങളുടെ കാര്യത്തിലുള്ള മൗനം ചോദ്യംചെയ്യപ്പെടുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വളർച്ചയോടെയാണ്. 1946ൽ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഈ മൗനത്തെ ചോദ്യംചെയ്ത് എകെജി നടത്തിയ പ്രസംഗം ഓർക്കുക. 


കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കർഷകരോടുള്ള സമീപനം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ മുസ്ലിംകർഷകരുമായി അടുപ്പിച്ചു. പക്ഷെ അധികാരത്തിൽ വന്നതിനു ശേഷം കോണ്‍ഗ്രസിന്റെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ലീഗും പിന്തുണച്ചു. നിയമനിർമാണസഭയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി ഞങ്ങൾക്ക് യാതൊരുബന്ധവുമില്ലെന്ന് ഇസ്മായീൽ സാഹിബ് ആവർത്തിച്ചു പറഞ്ഞു. ദൈവമില്ലെന്നു പറയുന്നവരോട് അടുക്കരുതെന്നും അത് ദീനിനെതിരാണെന്നും പറഞ്ഞ് ലീഗ് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത പരത്തി.


കേരളപ്പിറവിക്കു ശേഷം ബാഫഖി തങ്ങളുടെ ഗുണംകൊണ്ട് ലീഗ് സാധാരണക്കാരിലേക്കിറങ്ങാൻ തുടങ്ങി. പാണക്കാട് പൂക്കോയതങ്ങളും കൂടെകൂടിയപ്പോൾ വിശ്വാസികളിൽ ലീഗിന്റെ സ്വാധീനം വർദ്ധിച്ചു. ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരെ പ്രജാ സോഷ്യലിസ്റ്റ്‌ പാർട്ടിയുമായി സഖ്യമുണ്ടാക്കി. ലീഗ് എട്ടുസീറ്റ്‌ നേടി. എങ്കിലും അവരുടെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധപ്രചരണം വല്യഗുണം കണ്ടില്ല. മുസ്ലീംഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ വരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജയിച്ചു. അധികാരത്തിൽ വന്നപ്പോ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ടിഎ മജീദിനെ പൊതുമരാമത്തു മന്ത്രിയുമാക്കി.


അന്നത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണം ഒരുമുസ്ലിം സംഘടനയും ആവശ്യപ്പെടാതെ തന്നെ ഒരുപാട് ആനുകൂല്യങ്ങൾ മുസ്ലീങ്ങൾക്കു നൽകി. അതുവരെ പള്ളികൾ നിർമ്മിക്കാൻ സർക്കാർ അനുമതിവേണമായിരുന്നു, അതെടുത്തുകളഞ്ഞു. തൊഴിൽമേഖലയിലും വിദ്യാഭ്യാസമേഖലയിലും 10ശതമാനം സംവരണം കൊണ്ടുവന്നു. അതുവരെ സർക്കാറുകൾ വിലക്കിയിരുന്ന മലപ്പുറം നേർച്ച നടത്താൻ അനുമതി കൊടുത്തു. ഇതിനെക്കാൾ ഒക്കെ നേട്ടമായത് അന്നു കൊണ്ടുവന്ന കുടിയാൻ നിയമവും കാർഷികനിയമവുമായിരുന്നു. മാപ്പിള കർഷകർക്ക് അതു വല്യ നേട്ടമായി. അവർക്ക് സ്വന്തമായി ഭൂമിലഭിക്കാൻ തുടങ്ങി. എന്നാൽ അങ്ങനെ ദാനമായി ലഭിക്കുന്ന ഭൂമി സ്വീകരിക്കുന്നത് വിശ്വാസങ്ങൾക്കെതിരാണെന്ന് ലീഗും മതനേതാക്കളും പറഞ്ഞു നടന്നു.


ലീഗ് നാടുതോറും ഫത്‌വകൾ ഇറക്കി, മതവിരുദ്ധരെ താഴെയിറക്കണമെന്നു പറഞ്ഞ് വിശ്വാസങ്ങളെ മുതലെടുത്തു. താമസിയാതെ കോണ്‍ഗ്രസ്സും ലീഗും മറ്റുവർഗീയ ശക്തികളും കൂടെ ഇഎംഎസ് മന്ത്രിസഭയെ താഴെയിറക്കി. 


ലീഗ് കോണ്‍ഗ്രസ്‌ ഐക്യമായിരുന്നു അറുപതിലെ തിരഞ്ഞെടുപ്പിൽ. ഫലം വന്നപ്പോൾ ലീഗ് മിന്നി. ലീഗ്-കോണ്‍ഗ്രസ്‌ സഖ്യം 93 സീറ്റുകൾ നേടി. ലീഗ് പതിനൊന്നും. പക്ഷെ ജയിച്ചപ്പോൾ കോണ്‍ഗ്രസ്‌ ലീഗിനെ മുൻവൈരാഗ്യത്തോടെയാണ് നേരിട്ടത്. ലീഗിന് വേണേൽ പിന്തുണക്കാമെന്നും പക്ഷെ മന്ത്രിസഭയിൽ കയറ്റില്ലായെന്നും അയിത്തം വെച്ചു. കോണ്‍ഗ്രസിന്റെ മറ്റുഘടകകക്ഷികളെല്ലാം ലീഗിനെ മന്ത്രിസഭയിൽ എടുക്കാൻ പറഞ്ഞെങ്കിലും കോണ്‍ഗ്രസ്‌ വഴങ്ങിയില്ല. അവസാനം സ്പീക്കർസ്ഥാനം വാങ്ങി തൃപ്തിപ്പെടേണ്ടിവന്നു ലീഗിന്.


അങ്ങനെ താണുപ്പിള്ളയുടെ ഭരണത്തിൽ നിയസഭസ്പീക്കറായി സീതിസാഹിബ്‌ ചുമതലയേറ്റു. പക്ഷെ കോണ്‍ഗ്രസിന്റെ വെറുപ്പ്‌ അവിടെയും അടങ്ങിയില്ല. സീതിസാഹിബ്‌ അറുപത്തിയൊന്നിൽ മരിച്ചപ്പോ സിഎച്ചിനെ സ്പീക്കർ ആക്കാൻ ലീഗ് തീരുമാനിച്ചു. കോണ്‍ഗ്രസ്‌ ഉടക്കി. ലീഗിലെ സ്ഥാനങ്ങൾ രാജിവെച്ചാലേ സ്പീക്കർ ആക്കാൻ പറ്റൂന്നു കോണ്‍ഗ്രസ്‌ ലീഗിനോട് പറഞ്ഞു. ഗതികെട്ട ലീഗ് സിഎച്ചിനെ രാജിവെപ്പിച്ചു സ്പീക്കർ ആക്കി. എന്നിട്ടും കോണ്‍ഗ്രസ്‌ ലീഗിനെ വിട്ടില്ല, സീതിസാഹിബ്‌ മരിച്ചപ്പോ വന്ന ഉപതിരഞ്ഞെടുപ്പിൽ വിമതനെ ഇറക്കി ലീഗിനെതിരെ മത്സരിച്ചു. ലീഗ് എന്നിട്ടും ജയിച്ചു, മുഹ്സിനായിരുന്നു അന്ന് ലീഗിന് വേണ്ടി മത്സരിച്ചു ജയിച്ചത്. 


62ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന 18 സീറ്റും കോണ്‍ഗ്രസ്സും പ്രജാപാർട്ടിയും പങ്കിട്ടെടുക്കാൻ തീരുമാനിച്ചു. മനംമടുത്ത ലീഗ് കക്ഷി വിട്ടു. ഒറ്റയ്ക്ക് മത്സരിച്ചു രണ്ടുസീറ്റ്‌ നേടി. ഇസ്മായീൽ സാഹിബും കോയ സാഹിബും ലോകസഭേൽ എത്തി. ഈ സമയം 1962ലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇറക്കിയ മാനിഫെസ്റ്റോയിൽ ഇന്ത്യയിലെ ഏറ്റവുംവലിയ ന്യൂനപക്ഷമായ മുസ്ലീങ്ങൾ വല്യദുരന്തം അനുഭവിക്കുകയാണെന്നും അവരെയാരും തിരിഞ്ഞുനോക്കുന്നില്ലയെന്നും പറഞ്ഞു.
ബാഫഖി തങ്ങളും ഇഎംഎസ്സുമായി നിരന്തരം ചർച്ചകൾ നടന്നു. കോണ്‍ഗ്രസിനുകൂടെ നില്ക്കാനുള്ള രാഷ്ട്രീയ തീരുമാനം തെറ്റായിപ്പോയിയെന്ന് ബാഫഖി തങ്ങൾ പറഞ്ഞു. ലീഗ് അറുപത്തിയേഴാകുമ്പോയേക്ക് കമ്മ്യൂണിസ്റ്റ്‌ പക്ഷത്തുവന്നു.


ലീഗ് കമ്മ്യൂണിസ്റ്റ്‌ പക്ഷത്തുവന്നതിൽ ലീഗിനകത്ത് പ്രതിഷേധം വന്നു. സമുദായത്തിന്റെ ഗുണത്തിനു വേണ്ടി എന്തും ചെയ്യാം എന്ന ന്യായത്തിൽ ലീഗ് പിടിച്ചുനിന്നു. പ്രതിഷേധിച്ച ചിലർ സമസ്തലീഗ് എന്നൊരു സംഘടനയുണ്ടാക്കി. എന്നാലും ആ സംഘടന വളർന്നില്ല.


അക്കൊല്ലം നടന്ന ലോകസഭാ നിയമസഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ മൂക്കുകുത്തി വീണു. ലോകസഭേൽ കോണ്‍ഗ്രസിന്‌ കിട്ടിയത് വെറും ഒരു സീറ്റ്‌ ലീഗിനു രണ്ടും. നിയമസഭേൽ കോണ്‍ഗ്രസിന്‌ ഒമ്പതും ലീഗിന് പതിനാലും. ലീഗ് ആകെ തോറ്റത് കാസർഗോഡ്‌  മാത്രം. സമസ്ത ലീഗിന് ആകെ കേരളത്തിൽ കിട്ടിയത് 3680 വോട്ടുകൾ. ഇതോടെ സമസ്ത ലീഗ് പിരിച്ചുവിട്ടു.



കമ്മ്യൂണിസ്റ്റ്‌ പാർട്ടിവീണ്ടും ഭരണത്തിൽ വന്നു. കോണ്‍ഗ്രസിനെപ്പോലെ ലീഗിന് മന്ത്രിസഭാ അയിത്തം കമ്മ്യൂണിസ്റ്റ്‌ പാർട്ടി കാണിച്ചില്ല. ലീഗ് ആദ്യായിട്ട് മന്ത്രിസഭേൽ കയറി. രണ്ടു മന്ത്രിമാരും സ്പീക്കർ സ്ഥാനവും ലീഗിന് കിട്ടി. വിദ്യാഭ്യാസവും തദ്ദേശഭരണവും ലീഗ് കൈകാര്യംചെയ്തു.


കോണ്‍ഗ്രസ്സും മറ്റുസമുദായങ്ങളും എതിർത്തിട്ടും ഇഎംഎസ് മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനായി കാലിക്കറ്റ്‌ സർവകലാശാലയും മലപ്പുറം ജില്ലയും രൂപീകരിച്ചു. വർഗീയശക്തികളും കോണ്‍ഗ്രസ്സും പാകിസ്ഥാൻ സർവകലാശാലയെന്നും പറഞ്ഞു കാലിക്കറ്റ്‌ സർവകലാശാലയെ പരിഹസിച്ചു. മാതൃഭൂമിയും ഇന്ത്യൻ എക്സ്പ്രസും പോലുള്ള പത്രങ്ങൾ മുസ്ലിം ലീഗ് ഇപ്പോഴും വിഭജനം തന്നെ മനസ്സിൽ കൊണ്ടുനടക്കുകയാണെന്നു വിമർശിച്ചു. ഇതിനെയൊക്കെ മറികടന്നുകൊണ്ട് ഇഎംഎസ്സും ഗൗരിയമ്മയും സിഎച്ചും ഉള്ള കാബിനെറ്റ്‌ സബ് കമ്മിറ്റി മലപ്പുറം ജില്ലാരൂപീകരണവുമായി മുന്നോട്ടുപോയി. 1969 ജൂണ്‍ 16ന് അങ്ങനെ മലപ്പുറം ജില്ല നിലവിൽവന്നു.



അറബി തസ്തിക ഉണ്ടാക്കിയതോട് കൂടെ ഇസ്ലാം സമുദായത്തിലെ ആൾക്കാർക്ക് സർക്കാർ ജോലിലഭിക്കാൻ തുടങ്ങി. 12000 പേരാണ് അറബി ഭാഷ കൊണ്ട് ഗവണ്മെന്റ് തൊഴിലിന് അർഹരായത്. സിഎച്ച് പത്താംക്ലാസ്സുവരെയുള്ള പഠനം സൗജന്യമാക്കുകയും, മുസ്ലിംപെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പു കൊണ്ടുവരികയും ചെയ്തു.


69തിൽ ഇഎംഎസ്സ് മന്ത്രിസഭ പിരിച്ചുവിട്ടു. ബാഫഖി തങ്ങൾ ഉൾപ്പടെ നടത്തിയ രാഷ്ട്രീയ കളിയിൽ അച്യുതമേനോന്റെ നേതൃത്വത്തിൽ മന്ത്രിസഭ വന്നു. വലതുപക്ഷ കമ്മ്യൂണിസ്റ്റുകാരുടെ കൂടെ നിന്ന് ലീഗ് ഭരിച്ചു. സിഎച്ച് ആഭ്യന്തരവും വിദ്യാഭ്യാസവും കൈകാര്യം ചെയ്തു ആ കാലത്ത്. പക്ഷെ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഉള്ളതുകൊണ്ട് സമുദായത്തിന് എന്തേലും ചെയ്യാൻ ലീഗിന് കഴിഞ്ഞില്ല.  ഏച്ചുക്കൂട്ടിയതായോണ്ട്‌ അധികം കഴിയാതെ ഭരണം നിന്നു. ലീഗ് പതിയെ സമുദായത്തെ വിട്ട് ഭരണം പങ്കെടുന്നതിൽ ശ്രദ്ധകൊടുക്കാൻ തുടങ്ങി.



എഴുപതിൽ വീണ്ടും തിരഞ്ഞെടുപ്പ് വന്നു,  ലീഗ് 12 സീറ്റ്‌ നേടി. എഴുപത്തിരണ്ടിൽ മില്ലത്തു മരിച്ചു. ബാഫഖി തങ്ങൾ പ്രസിഡന്റ്‌ ആയി. ഇതിനിടെ ശരിയത്തിനെതിരെ ലേഖനം എഴുതിയതർക്കത്തിൽ ലീഗ് എംഇഎസ് ബന്ധം വഷളായി. 73ൽ ബാഫഖി തങ്ങള് മക്കേൽ വെച്ച് മരിച്ചു,  പിന്നെ പൂക്കോയ തങ്ങളായി പ്രസിഡന്റ്‌. 


ഇതിനു ശേഷം ലീഗ് രണ്ടായി പിളർന്നു. ഉമ്മർ ബാഫഖിതങ്ങളും എംകെ ഹാജിയുമൊക്കെ കൂടെ അഖിലേന്ത്യാ ലീഗ് ഉണ്ടാക്കി. പക്ഷെ അണികൾ മൊത്തം സിഎച്ചിന്റെ കൂടെ നിന്നു, പൂക്കോയ തങ്ങളും. എഴുപത്തി അഞ്ചിൽ അടിയന്തരാവസ്ഥ വന്നപ്പോ ലീഗ് അധികാരമുപയോഗിച്ച് അഖിലേന്ത്യാ ലീഗ് നേതാക്കളെ ഒക്കെ ജയിലിലാക്കി. അവരുടെ പത്രം ലീഗ് 'ടൈംസ്‌' പൂട്ടിക്കാൻ നോക്കിയെങ്കിലും അന്നേരം നടന്നില്ല. എൽഡിഎഫിന്റെ ഒപ്പം നിന്നേലും അഖിലേന്ത്യാ ലീഗ് എപ്പോഴും തോക്കുകയായിരുന്നു. ആകെ അവർക്കു പറയാനുള്ള നേട്ടം നായനാർ മന്ത്രിസഭേൽ ഇരുന്നതാണ്. എമ്പതിന്റെ മധ്യത്തിൽ ശരീയത്തു വിവാദം വീണ്ടും ഉണ്ടായപ്പോ ആ പേരും പറഞ്ഞ് അഖിലേന്ത്യാ ലീഗ് എൽഡിഎഫ് വിട്ട് ലീഗുമായി ഒന്നിച്ചു.



1975ൽ പൂക്കോയ തങ്ങൾ മരണപ്പെടുകയും മകൻ ശിഹാബലി തങ്ങൾ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കയും ചെയ്തു. 1979ൽ  ഇഷ്ടദാന ബില്ലിനെ ചൊല്ലിയുണ്ടായ പ്രമേയത്തിൽ പികെവി രാജിവെച്ചു. അങ്ങനെയുണ്ടായ രാഷ്ട്രീയഅനിശ്ചിതത്വത്തിൽ സിഎച്ച് മുഹമ്മദ്‌കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അമ്പതുദിവസത്തോളം മാത്രമേ ആ ഭരണം നീണ്ടുള്ളൂ. പിന്നീട് വന്ന കരുണാകരൻ ഭരണത്തിൽ സിഎച്ച് ഉപമുഖ്യമന്ത്രിയായി.



1980കളുടെ അവസാനത്തോടെ ബാബറീ പ്രശ്നം വന്നു, കോണ്‍ഗ്രസ്‌ ഈ വിഷയത്തിൽ എടുത്ത തീരുമാനങ്ങൾ ഒക്കെ മുസ്ലിംവിരുദ്ധമായിരുന്നു. ലീഗ് ഇത് സഹിക്കാൻ ആവില്ലായെന്നും പറഞ്ഞു 1987ൽ കോണ്‍ഗ്രസ്‌ കക്ഷിവിട്ടു. വിട്ടു നേരെ ചെന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അടുത്തായിരുന്നു. ഒരിക്കൽ കൂടി ലീഗിന്റെ അധികാരത്തിന്റെ ഭാഗത്ത്ചായുന്ന രാഷ്ട്രീയത്തെ വിശ്വസിക്കാനില്ലാ എന്നുപറഞ്ഞ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ലീഗിനെ കക്ഷിയിൽ എടുത്തില്ല. ലീഗിനെ കക്ഷിയിൽ എടുക്കുന്നത് സംബന്ധിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വിള്ളലുണ്ടാവുകയും, എംവിആർ സിപിഎം വിട്ടു സിഎംപി ഉണ്ടാക്കുകയും ചെയ്തു.



എന്തായാലും ഗതികെട്ട ലീഗ് തിരിച്ചു വീണ്ടും കോണ്‍ഗ്രെസിലെത്തി. അതോടെ ലീഗിന്റെ സമുദായം പറഞ്ഞുള്ള വിലപേശൽ രാഷ്ട്രീയം നിന്നു. ലീഗിന് കോണ്‍ഗ്രസിനെ വിമർശിക്കാൻ കഴിയാതെയായി. ബാബറി സംഭവങ്ങളിൽ ഒക്കെ സമുദായത്തെ ബോധിപ്പിക്കാൻ ന്യായങ്ങൾക്കു വേണ്ടി ലീഗ് നാലുപാടും ഓടി.


ലീഗിനെതിരെ ബാബറിവിഷയത്തിൽ എല്ലാഭാഗത്തു നിന്നും ആരോപണങ്ങൾ ഉയർന്നുവെങ്കിലും ശിഹാബലിതങ്ങളുടെ അപ്പൊ എടുത്ത നിലപാടുകൾ പിന്നീട് പ്രശംസിക്കപ്പെട്ടു. മുസ്ലീങ്ങളോട് അവരവരുടെ നാട്ടിലെ അമ്പലങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും സംരക്ഷണം നൽകാൻ ശിഹാബലി തങ്ങള് പറഞ്ഞു.


ബാബറി പൊളിച്ചതിനു ശേഷം ലീഗ് പിളർന്നു, സുലൈമാൻ സേട്ടിന്റെ നേതൃത്തത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് നിലവിൽവന്നു. എന്നാൽ നാഷണൽ ലീഗിനെയും കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുന്നണിയിൽ പ്രവേശിപ്പിചില്ല, അത് നാഷണൽ ലീഗിന്റെ വളർച്ചയെ ബാധിച്ചു. 



ബാബറി മസ്ജിദ് ലീഗിനെ ഉലച്ചു, 91ൽ മത്സരിച്ച 22ൽ 19സീറ്റ്‌ നേടിയ ലീഗ് 96ൽ മത്സരിച്ച 23ൽ 13 സീറ്റേ നേടിയുള്ളൂ. 2001ൽ ലീഗ് തിരിച്ചു വന്നൂവെങ്കിലും, ബാബറിക്കു ശേഷം ലീഗിന് കോണ്‍ഗ്രസിൽ നിന്ന് വ്യത്യസ്തമായ ഒരു നയമുള്ളതായി തോന്നിയില്ല.2006ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും ലീഗിനും ജനങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം കൊടുത്തു. മഞ്ചേരി വരെ ലീഗിനെ കൈവിട്ടു. 


ഇന്നു ലീഗിന് കോണ്‍ഗ്രസിൽ നിന്നുവ്യത്യസ്തമായി ഒരു നിലപാടുണ്ട് എന്നു പറയാൻ കഴിയില്ല. വീണ്ടും ഭരണത്തിൽ വന്നൂവെങ്കിലും ലീഗ് മുസ്ലിം സമുദായത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നതോന്നൽ പേരിൽ മാത്രം ഒതുങ്ങുന്നു. ലീഗിന് കോണ്‍ഗ്രസുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ അവരുടെ അധികാരത്തിൽ കിട്ടേണ്ട പങ്കുകളെ കുറിച്ച് മാത്രമായി. ലീഗിന്റെ സമുദായത്തിലെ ഇടപെടൽ കുറഞ്ഞതോടെ വർഗീയ ശക്തികളായ SDPI ഒക്കെ സമുദായത്തിലെ യുവാക്കളെ സ്വാധീനിക്കാൻ തുടങ്ങിയെന്നതാണ് സത്യം. ലീഗ് അധികാരം മറന്ന് സമുദായത്തെ ഓർക്കുകയാണ് വേണ്ടത്. സമൂഹത്തിനു വേറൊന്നും ചെയ്യാൻകഴിഞ്ഞില്ലേലും വർഗീയശക്തികളുടെ കൈയ്യിൽ നിന്നു സമുദായത്തെ രക്ഷിക്കാൻ എങ്കിലും അതുപകരിക്കും. 



ലീഗിന് അച്യുതമേനോൻ ഭരണം മുതലേ അധികാരത്തിൽ ഇരിക്കാനാണ് സമുദായത്തെ നോക്കുന്നേനെക്കാൾ താല്പര്യം, സമ്മതിക്കാം. പക്ഷെ അവർ മുസ്ലിം സമുദായത്തെ വർഗീയ കൂട്ടായ്മയിലേക്കു പോകാതെ മുസ്ലിംലീഗിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും എന്നു പറഞ്ഞ് മുസ്ലിം സമുദായത്തെ സജീവരാഷ്ട്രീയത്തിൽ എന്നും നിലനിർത്തുന്നുണ്ട്. ലീഗിന് മുസ്ലിം സമുദായത്തിലെ അരാഷ്ട്രീയ വാദം ഇല്ലാതാക്കുന്നതിൽ വലിയ പങ്കുണ്ട്, ലീഗിന് അതുകൊണ്ട് തന്നെ കേരളാ രാഷ്ട്രീയത്തിൽ എപ്പോഴും പ്രസക്തിയുണ്ട്.


ചരിത്രം പരത്തി എഴുതി ഇന്നത്തെകാലത്തെ കുറച്ചത്, വർത്തമാനകാലത്തുള്ളത് അറിയാവുന്ന കാര്യങ്ങൾ ആയതുകൊണ്ടാണ് എന്നു കൂടെ പറഞ്ഞു നിർത്തുന്നു.


                                                     @Ma_dhavan


അനുബന്ധം: 


മാപ്പിളമലബാർ - രണ്ടത്താണി , Islamic literature of India - Annemerie , കേരള മുസ്ലീം ചരിത്രം - CK Kareem , കേരളം ഇന്നലെ ഇന്ന് - എകെജി. Muslim Politics in Kerala 1921-1967- TA Muhammed.
Share:

Jun 30, 2019

അവസാന വാക്ക് അഭിമന്യുവിനെ ഏൽപ്പിക്കാൻ


വേണ്ടപ്പെട്ട വളരെ വേണ്ടപ്പെട്ട ഒരാൾ മരിച്ചു പോയി എന്ന് വെക്കുക. അവരേൽപ്പിച്ച കുറേ പുസ്തകങ്ങൾ മാത്രമേ അവരുടെ ഓർമ്മയായി നമ്മടെ കയ്യിൽ ഉള്ളൂ. അവരുടെ അവസാന വാക്ക് ആണെങ്കിൽ ആ പുസ്തകങ്ങൾ അഭിമന്യുവിനെ ഏൽപ്പിക്കണം എന്നായിരുന്നു. ആ പുസ്തകങ്ങളും വാക്കും. രണ്ടും സംരക്ഷിക്കുക എന്നൊന്ന് നടക്കില്ല എന്നതുകൊണ്ട് ഒരു യാത്ര പുറപ്പെടുകയാണ്.

അഭിമന്യുവിന്റെ മരണവും പുസ്തകം ഏൽപ്പിച്ച ആളുടെ മരണവും നടന്നിട്ട് ഒരാണ്ടിനോട് അടുക്കുമ്പോൾ ആണ് ഈ പുസ്തകങ്ങൾ ഏൽപ്പിക്കാനുള്ള യാത്ര തുടങ്ങുന്നത്.  വട്ടവട. അഭിമന്യുവിന്റെ യുവ ഹൃദയത്തിൽ കത്തി കയറും മുമ്പ് ആ സ്ഥല പേര് കേട്ടിരുന്നോ എന്ന് ശരിക്ക് ഓർമ്മ ഇല്ല. കേരളത്തിന്റെ തമിഴ്നാട് അതിർത്തി. മൂന്നാറും ടോപ്സ്റ്റേഷനും ചോല വനവും കഴിയേണ്ട യാത്ര. മരണങ്ങളുടെ ഭാരം കാലത്തിനൊപ്പം കുറയുന്നതിനാൽ യാത്രയിൽ പുസ്തകത്തിന്റെ ഭാരം മാത്രമേ ഒപ്പമുണ്ടായിരു‌ന്നുള്ളൂ.  മൂന്നാറിൽ നിന്ന് അമ്പതിനടുത്ത് കിലോ മീറ്റർ ദൂരം.  മൂന്നാറിന്റെ സൗന്ദര്യത്തെ വഴിയിലുടെനീളം ആസ്വദിക്കാനും അവഗണിക്കാനും അവസരം.



ടോപ്പ് സ്റ്റേഷനിൽ നിന്ന് ഒരു കട്ടൻ ചായകുടിച്ച് വട്ടവടയിലേക്ക് തിരിയുമ്പോൾ മാത്രമാണ് ലക്ഷ്യത്തിനടുത്തേക്ക് എത്തുകയാണല്ലോ എന്ന തോന്നൽ ഉണ്ടായത്. അഭിമന്യുവിന്റെ വലിയ സ്വപ്നമായിരുന്ന വായനശാലയിൽ ചെന്ന് പുസ്തകം ഏൽപ്പിക്കണം മടങ്ങണം എന്നേ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. വീട്ടിലേക്ക് പോകാൻ മാത്രമൊരു ബന്ധം അഭിമന്യുവുമായി ഉണ്ടായിരുന്നില്ല‌. മഹാരാജാസിൽ കേൾക്കുന്ന പേരുകളിൽ ഒന്ന് എന്നതിനപ്പുറം അഭിമന്യുവിനെ മരണം വരെ അറിയില്ലായിരുന്നു.



ചോല വനത്തിനു മുന്നേയുള്ള ചെക്ക് പോസ്റ്റിൽ നിർത്തി എവിടേക്കാണ് പോകുന്നത് എന്ന് വനപാലകരെ ബോധിപ്പിക്കേണ്ട ചടങ്ങുണ്ട്. അവിടെ നിന്നാണ് ആദ്യമായി വഴി ചോദിക്കുന്നത്. അഭിമന്യുവിന്റെ നാട്ടിലേക്കുള്ള വഴി ഒരു ചേട്ടൻ പറഞ്ഞു തന്നു. നേരെ പോയാൽ മതി എന്ന ചെറിയ വാക്കേ വേണ്ടി വന്നുള്ളൂ എങ്കിലും അഭിമന്യുവിനെ ആൾക്കാർ മറക്കുന്നില്ല എന്നതിലെ സന്തോഷം അവരിൽ കണ്ടു.

ചോല വനത്തിലൂടെ മൂന്ന് നാലു കിലോമീറ്റർ അത് കഴിഞ്ഞാൽ വട്ടവട ഗ്രാമം ആരംഭിക്കുകയാണ്‌. കോവിലൂരും പഴത്തോട്ടവും പോലുള്ള ശരിയായ ഗ്രാമങ്ങൾ. കൃഷി ചെയ്യുന്നവർ മാത്രമുള്ള ഇപ്പോഴും സാധനങ്ങളുടെ കൈമാറ്റ കച്ചവടങ്ങൾ നടക്കുന്ന ചെറിയ ഗ്രാമങ്ങൾ. കവലയിൽ ഒക്കെ അഭിമന്യുവിന്റെ പടമുള്ള തമിഴിൽ എഴുതിയിരിക്കുന്ന പോസ്റ്ററുകളാണ്. ഒന്നാം രക്ഷസാക്ഷി ദിനത്തിന് ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നത് ഓർമ്മിപ്പിക്കുന്ന പോസ്റ്ററുകൾ.



വീണ്ടും ഒന്ന് രണ്ട് പേരോട് കൂടെ വഴി ചോദിക്കേണ്ടി വന്നു അവരിൽ ഒക്കെ വഴി പറയുമ്പോൾ നമ്മടെ അഭിമന്യു ആണെന്ന അഭിമാനം കാണാം‌. വട്ടവട പഞ്ചായത്ത് ഓഫീസിനു മുകളിലുള്ള കെട്ടിടത്തിലാണ് അഭിമന്യുവിന്റെ വായനശാല ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ നിന്ന് താക്കോൽ വാങ്ങി വായനശാലയുടെ പടി കയറി. പുസ്തകത്തിന്റെ ഭാരം മാത്രമല്ല ഒപ്പമുള്ളത് എന്ന് തോന്നാൻ തുടങ്ങി. വായനശാലയ്ക്ക് അകത്ത് ഉള്ള ഒരോ ശ്വാസത്തിനും കനമുണ്ട്. ഒരേ ആശയം ശ്വസിക്കുന്നവരായിട്ടും രക്തം നിന്റെയെല്ലേ ചീന്തിയുള്ളൂ. നാട്ടിൽ കാണുന്ന വായനശാലകളെക്കാൾ വലുപ്പവും അടുക്കും ഉള്ള വായനശാല. ഡി സി ബുക്സിന്റെ വൃത്തിയുള്ള ഒരു പുസ്തകക്കടയുടെ അടുക്ക് ഉണ്ടെന്ന് പറയാം. വായിക്കാ‌ൻ വേണ്ടി വായനാശാലയ്ക്ക് അകത്ത് തന്നെ വേറെ വിശാലമായ ഒരു മുറിയും ഉണ്ട്. അവിടെ കിടക്കുന്ന ക്ലോക്കിൽ അഭിമന്യുവിനൊപ്പം നമ്മടെ നാടിന്റെ രക്തസാക്ഷി കെ മോഹനേട്ടനെയും കണ്ടു. നമ്മുടെ ബസ്റ്റോപ്പിൽ നമ്മടെ നാട്ടിലുള്ള രക്തസാക്ഷിയുടെ സ്മരണ വരുന്നത് വരെ ആക്രമ രാഷ്ട്രീയത്തിന്റെ ഭീകരത നമ്മൾ അറിയില്ല എന്ന് എന്നെ പഠിപ്പിച്ച മോഹനേട്ടന്റെ സ്മരണ.



അവിടെ വന്നു കിടക്കുന്ന കെട്ട് അഴിക്കാത്ത പുസ്തകങ്ങൾക്ക് അരികിൽ കൊണ്ടു വന്ന പുസ്തകങ്ങളും വെച്ചു. വരുന്നവർക്ക് കുറിപ്പ് എഴുതാനുള്ള പുസ്തകത്തിൽ അവസാന വാക്ക് ഇവിടെ ഏൽപ്പിക്കുന്നു എന്ന് എഴുതി അവസാനിപ്പിച്ചു. വീട്ടിലേക്ക് പോകാൻ മാത്രമൊരു ബന്ധം അഭിമന്യുവുമായുണ്ട് എന്ന് പെട്ടെന്ന് തോന്നാൻ തുടങ്ങി.  വീട്ടിലേക്കുള്ള വഴിയേ പോയി. വട്ടവടയിൽ കണ്ട ഏറ്റവും നല്ല വീടാണ് അഭിമന്യുവിന്റെ വീട്. അവന്റെ ചിത്രങ്ങൾ പതിച്ച മതിലും പാറുന്ന കമ്മ്യൂണിസ്റ്റ് കൊടികളും ഒരു വീടിനപ്പുറമുള്ള വികാരം ആ അന്തരീക്ഷത്തിനു നൽകുന്നു. അവിടെ കയറി എന്ത് പറയണമെന്നോ ആരെന്ന് പറയണമെന്നോ അറിയില്ലായിരുന്നു. എങ്കിലും ആ ഗേറ്റ് തുറന്ന് അകത്തേക്കു കയറാതിരിക്കാൻ ആയില്ല. വീട്ടിലേക്കുള്ള ഒരോ ചവിട്ടുപടിയിലും അഭിമന്യുവുമായുള്ള ബന്ധം ശക്തമാകുന്നതായി തോന്നി. വീട്ടിലെ ബെല്ലടിക്കുമ്പോൾ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു. കുറച്ച് നേരം കാത്തു നിന്നപ്പോൾ അവിടെ ആരും ഇല്ലാ എന്ന് മനസ്സിലായി. ഒരു കണക്കിന് അത് നന്നായി. അല്ലായെങ്കിൽ അവരുടെ നഷ്ടങ്ങളിലേക്ക് ഞാൻ കൂടെ വഴി വെട്ടാൻ ശ്രമിച്ചേനെ.



ഒരു വാക്കിന്റെ ഭാരം ഇറക്കി വെക്കാൻ വന്ന എന്റെ മനസ്സിന് ഇത്ര കനം എങ്ങനെ വന്നെന്ന് പറഞ്ഞറിയിക്കാൻ എനിക്കും ആകുന്നില്ല. രക്തവും പരിചയവും മാത്രമല്ല ആശയങ്ങളും  മനുഷ്യനെ ഒരേ ശ്വാസത്തിൽ എത്തിക്കും എന്ന തിരിച്ചറിവിൽ ആ ഗേറ്റ് താണ്ടി തിരികെ നടന്നു. അഭിമന്യു നീ ഓർമ്മയല്ല. ഓർമ്മപ്പെടുത്തലാണ്‌. ആശയം രക്തമാകണം. ഹൃദയം നിറയെ ആശയങ്ങളാകണം.

Share: