Jun 30, 2019

അവസാന വാക്ക് അഭിമന്യുവിനെ ഏൽപ്പിക്കാൻ


വേണ്ടപ്പെട്ട വളരെ വേണ്ടപ്പെട്ട ഒരാൾ മരിച്ചു പോയി എന്ന് വെക്കുക. അവരേൽപ്പിച്ച കുറേ പുസ്തകങ്ങൾ മാത്രമേ അവരുടെ ഓർമ്മയായി നമ്മടെ കയ്യിൽ ഉള്ളൂ. അവരുടെ അവസാന വാക്ക് ആണെങ്കിൽ ആ പുസ്തകങ്ങൾ അഭിമന്യുവിനെ ഏൽപ്പിക്കണം എന്നായിരുന്നു. ആ പുസ്തകങ്ങളും വാക്കും. രണ്ടും സംരക്ഷിക്കുക എന്നൊന്ന് നടക്കില്ല എന്നതുകൊണ്ട് ഒരു യാത്ര പുറപ്പെടുകയാണ്.

അഭിമന്യുവിന്റെ മരണവും പുസ്തകം ഏൽപ്പിച്ച ആളുടെ മരണവും നടന്നിട്ട് ഒരാണ്ടിനോട് അടുക്കുമ്പോൾ ആണ് ഈ പുസ്തകങ്ങൾ ഏൽപ്പിക്കാനുള്ള യാത്ര തുടങ്ങുന്നത്.  വട്ടവട. അഭിമന്യുവിന്റെ യുവ ഹൃദയത്തിൽ കത്തി കയറും മുമ്പ് ആ സ്ഥല പേര് കേട്ടിരുന്നോ എന്ന് ശരിക്ക് ഓർമ്മ ഇല്ല. കേരളത്തിന്റെ തമിഴ്നാട് അതിർത്തി. മൂന്നാറും ടോപ്സ്റ്റേഷനും ചോല വനവും കഴിയേണ്ട യാത്ര. മരണങ്ങളുടെ ഭാരം കാലത്തിനൊപ്പം കുറയുന്നതിനാൽ യാത്രയിൽ പുസ്തകത്തിന്റെ ഭാരം മാത്രമേ ഒപ്പമുണ്ടായിരു‌ന്നുള്ളൂ.  മൂന്നാറിൽ നിന്ന് അമ്പതിനടുത്ത് കിലോ മീറ്റർ ദൂരം.  മൂന്നാറിന്റെ സൗന്ദര്യത്തെ വഴിയിലുടെനീളം ആസ്വദിക്കാനും അവഗണിക്കാനും അവസരം.



ടോപ്പ് സ്റ്റേഷനിൽ നിന്ന് ഒരു കട്ടൻ ചായകുടിച്ച് വട്ടവടയിലേക്ക് തിരിയുമ്പോൾ മാത്രമാണ് ലക്ഷ്യത്തിനടുത്തേക്ക് എത്തുകയാണല്ലോ എന്ന തോന്നൽ ഉണ്ടായത്. അഭിമന്യുവിന്റെ വലിയ സ്വപ്നമായിരുന്ന വായനശാലയിൽ ചെന്ന് പുസ്തകം ഏൽപ്പിക്കണം മടങ്ങണം എന്നേ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. വീട്ടിലേക്ക് പോകാൻ മാത്രമൊരു ബന്ധം അഭിമന്യുവുമായി ഉണ്ടായിരുന്നില്ല‌. മഹാരാജാസിൽ കേൾക്കുന്ന പേരുകളിൽ ഒന്ന് എന്നതിനപ്പുറം അഭിമന്യുവിനെ മരണം വരെ അറിയില്ലായിരുന്നു.



ചോല വനത്തിനു മുന്നേയുള്ള ചെക്ക് പോസ്റ്റിൽ നിർത്തി എവിടേക്കാണ് പോകുന്നത് എന്ന് വനപാലകരെ ബോധിപ്പിക്കേണ്ട ചടങ്ങുണ്ട്. അവിടെ നിന്നാണ് ആദ്യമായി വഴി ചോദിക്കുന്നത്. അഭിമന്യുവിന്റെ നാട്ടിലേക്കുള്ള വഴി ഒരു ചേട്ടൻ പറഞ്ഞു തന്നു. നേരെ പോയാൽ മതി എന്ന ചെറിയ വാക്കേ വേണ്ടി വന്നുള്ളൂ എങ്കിലും അഭിമന്യുവിനെ ആൾക്കാർ മറക്കുന്നില്ല എന്നതിലെ സന്തോഷം അവരിൽ കണ്ടു.

ചോല വനത്തിലൂടെ മൂന്ന് നാലു കിലോമീറ്റർ അത് കഴിഞ്ഞാൽ വട്ടവട ഗ്രാമം ആരംഭിക്കുകയാണ്‌. കോവിലൂരും പഴത്തോട്ടവും പോലുള്ള ശരിയായ ഗ്രാമങ്ങൾ. കൃഷി ചെയ്യുന്നവർ മാത്രമുള്ള ഇപ്പോഴും സാധനങ്ങളുടെ കൈമാറ്റ കച്ചവടങ്ങൾ നടക്കുന്ന ചെറിയ ഗ്രാമങ്ങൾ. കവലയിൽ ഒക്കെ അഭിമന്യുവിന്റെ പടമുള്ള തമിഴിൽ എഴുതിയിരിക്കുന്ന പോസ്റ്ററുകളാണ്. ഒന്നാം രക്ഷസാക്ഷി ദിനത്തിന് ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നത് ഓർമ്മിപ്പിക്കുന്ന പോസ്റ്ററുകൾ.



വീണ്ടും ഒന്ന് രണ്ട് പേരോട് കൂടെ വഴി ചോദിക്കേണ്ടി വന്നു അവരിൽ ഒക്കെ വഴി പറയുമ്പോൾ നമ്മടെ അഭിമന്യു ആണെന്ന അഭിമാനം കാണാം‌. വട്ടവട പഞ്ചായത്ത് ഓഫീസിനു മുകളിലുള്ള കെട്ടിടത്തിലാണ് അഭിമന്യുവിന്റെ വായനശാല ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ നിന്ന് താക്കോൽ വാങ്ങി വായനശാലയുടെ പടി കയറി. പുസ്തകത്തിന്റെ ഭാരം മാത്രമല്ല ഒപ്പമുള്ളത് എന്ന് തോന്നാൻ തുടങ്ങി. വായനശാലയ്ക്ക് അകത്ത് ഉള്ള ഒരോ ശ്വാസത്തിനും കനമുണ്ട്. ഒരേ ആശയം ശ്വസിക്കുന്നവരായിട്ടും രക്തം നിന്റെയെല്ലേ ചീന്തിയുള്ളൂ. നാട്ടിൽ കാണുന്ന വായനശാലകളെക്കാൾ വലുപ്പവും അടുക്കും ഉള്ള വായനശാല. ഡി സി ബുക്സിന്റെ വൃത്തിയുള്ള ഒരു പുസ്തകക്കടയുടെ അടുക്ക് ഉണ്ടെന്ന് പറയാം. വായിക്കാ‌ൻ വേണ്ടി വായനാശാലയ്ക്ക് അകത്ത് തന്നെ വേറെ വിശാലമായ ഒരു മുറിയും ഉണ്ട്. അവിടെ കിടക്കുന്ന ക്ലോക്കിൽ അഭിമന്യുവിനൊപ്പം നമ്മടെ നാടിന്റെ രക്തസാക്ഷി കെ മോഹനേട്ടനെയും കണ്ടു. നമ്മുടെ ബസ്റ്റോപ്പിൽ നമ്മടെ നാട്ടിലുള്ള രക്തസാക്ഷിയുടെ സ്മരണ വരുന്നത് വരെ ആക്രമ രാഷ്ട്രീയത്തിന്റെ ഭീകരത നമ്മൾ അറിയില്ല എന്ന് എന്നെ പഠിപ്പിച്ച മോഹനേട്ടന്റെ സ്മരണ.



അവിടെ വന്നു കിടക്കുന്ന കെട്ട് അഴിക്കാത്ത പുസ്തകങ്ങൾക്ക് അരികിൽ കൊണ്ടു വന്ന പുസ്തകങ്ങളും വെച്ചു. വരുന്നവർക്ക് കുറിപ്പ് എഴുതാനുള്ള പുസ്തകത്തിൽ അവസാന വാക്ക് ഇവിടെ ഏൽപ്പിക്കുന്നു എന്ന് എഴുതി അവസാനിപ്പിച്ചു. വീട്ടിലേക്ക് പോകാൻ മാത്രമൊരു ബന്ധം അഭിമന്യുവുമായുണ്ട് എന്ന് പെട്ടെന്ന് തോന്നാൻ തുടങ്ങി.  വീട്ടിലേക്കുള്ള വഴിയേ പോയി. വട്ടവടയിൽ കണ്ട ഏറ്റവും നല്ല വീടാണ് അഭിമന്യുവിന്റെ വീട്. അവന്റെ ചിത്രങ്ങൾ പതിച്ച മതിലും പാറുന്ന കമ്മ്യൂണിസ്റ്റ് കൊടികളും ഒരു വീടിനപ്പുറമുള്ള വികാരം ആ അന്തരീക്ഷത്തിനു നൽകുന്നു. അവിടെ കയറി എന്ത് പറയണമെന്നോ ആരെന്ന് പറയണമെന്നോ അറിയില്ലായിരുന്നു. എങ്കിലും ആ ഗേറ്റ് തുറന്ന് അകത്തേക്കു കയറാതിരിക്കാൻ ആയില്ല. വീട്ടിലേക്കുള്ള ഒരോ ചവിട്ടുപടിയിലും അഭിമന്യുവുമായുള്ള ബന്ധം ശക്തമാകുന്നതായി തോന്നി. വീട്ടിലെ ബെല്ലടിക്കുമ്പോൾ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു. കുറച്ച് നേരം കാത്തു നിന്നപ്പോൾ അവിടെ ആരും ഇല്ലാ എന്ന് മനസ്സിലായി. ഒരു കണക്കിന് അത് നന്നായി. അല്ലായെങ്കിൽ അവരുടെ നഷ്ടങ്ങളിലേക്ക് ഞാൻ കൂടെ വഴി വെട്ടാൻ ശ്രമിച്ചേനെ.



ഒരു വാക്കിന്റെ ഭാരം ഇറക്കി വെക്കാൻ വന്ന എന്റെ മനസ്സിന് ഇത്ര കനം എങ്ങനെ വന്നെന്ന് പറഞ്ഞറിയിക്കാൻ എനിക്കും ആകുന്നില്ല. രക്തവും പരിചയവും മാത്രമല്ല ആശയങ്ങളും  മനുഷ്യനെ ഒരേ ശ്വാസത്തിൽ എത്തിക്കും എന്ന തിരിച്ചറിവിൽ ആ ഗേറ്റ് താണ്ടി തിരികെ നടന്നു. അഭിമന്യു നീ ഓർമ്മയല്ല. ഓർമ്മപ്പെടുത്തലാണ്‌. ആശയം രക്തമാകണം. ഹൃദയം നിറയെ ആശയങ്ങളാകണം.

Share:

1 comment:

  1. രക്തവും പരിചയവും മാത്രമല്ല ആശയങ്ങളും മനുഷ്യനെ ഒരേ ശ്വാസത്തിൽ എത്തിക്കും

    സത്യം .!

    ReplyDelete