Feb 19, 2017

ബുന്ദി, ലഹരിയില്ലാത്ത കസോൾ

കണ്ടാസ്വദിക്കാനുള്ള സ്ഥലങ്ങളല്ല ജീവിച്ച് ആസ്വദിക്കാനുള്ള സ്ഥലങ്ങളാണ് സഞ്ചാരിയെ വീണ്ടും അവിടേക്കു വിളിക്കുക. ഇന്ത്യയെ അറിയാനുള്ള യാത്ര രാജസ്ഥാനിൽ എത്തിയ സമയം. രാജസ്ഥാനിൽ എവിടെയൊക്കെ പോകണം എന്ന് ഗൂഗിളിനോട് ചോദിച്ചപ്പോൾ വളരെ കുറച്ച് വിദേശികൾ മാത്രമാണ് ബുന്ദിയിലേക്ക് പോകൂ എന്ന് പറഞ്ഞു തന്നത്. തലസ്ഥാന നഗരിയായ ജയ്പൂരൊഴികെ രാജസ്ഥാനിലെ ഏതാണ്ട് എല്ലാ ഭാഗവും ഒരു മാസത്തോളമായി യാത്ര ചെയ്തു തീർത്തപ്പോഴാണ് ബുന്ദി മനസ്സിലേക്ക് വന്നത്.

അജ്മീർ ദർഗയിലെ അസഹനീയമായ തിരക്കിനിടയിലും സൂഫി സംഗീതം തന്നിരുന്ന സമാധാനത്തിൽ നിന്നെഴുന്നേറ്റാണ് ബുന്ദിയിലേക്ക് ലക്ഷ്യം വെച്ചത്. പോകാൻ ഇറങ്ങിയപ്പോഴാണ് ബുന്ദിയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല എന്ന തിരിച്ചറിവ് വന്നത്. റെയിൽ മാർഗം പോകാൻ ബുന്ദിയിലുള്ള റെയിൽവേ സ്റ്റേഷൻ ഗ്രാമത്തിൽ നിന്നും ഏഴെട്ടു കിലോമീറ്റർ ദൂരത്തിലാണ്.  അവിടെയാണേൽ അപൂർവമായേ തീവണ്ടികൾ നിർത്തുക തന്നെയുള്ളൂ. ടൂറിസ്റ്റു ബസ്സുകളാണെങ്കിൽ വിരലിലെണ്ണാവുന്നവയേ ബുന്ദി വഴി പോകുന്നുള്ളൂ, അവയൊക്കെ പുറപ്പെടാൻ രാത്രിയാവുകയും ചെയ്യും. ബുന്ദിയിൽ ഉണരണം എന്നു മനസ്സിലുറപ്പിച്ചതു കൊണ്ട് അടുത്ത മാർഗം നോക്കി. ബുന്ദിക്ക് 35 കിലോമീറ്റർ അപ്പുറമുള്ള കോത്തയിലേക്ക് ട്രെയിൻ കയറി തിരിച്ചു വരാം എന്ന ഉദ്ദേശത്തിൽ സ്റ്റേഷനിലേക്ക് ഓട്ടോ കയറി. ഓട്ടോയിലെ ചേട്ടനാണ് ആവശ്യത്തിന് സർക്കാർ ബസ്സുകൾ ബുന്ദിയിലേക്ക് ഉണ്ടെന്നു പറഞ്ഞു തന്നത്. ഓട്ടോ അജ്മീർ ബസ് സ്റ്റേഷനിലേക്ക് തിരിച്ചു.

ക്യൂ നിന്ന് സീറ്റ് നമ്പറൊക്കെ അനുസരിച്ച് മാത്രം ടിക്കറ്റ് കൊടുക്കുന്ന സർക്കാർ ബസ് സർവീസ് കണ്ട് ആദ്യമൊന്ന് അമ്പരന്നു. ടിക്കറ്റ് കിട്ടി ബസ്സിലേക്ക് നടന്നപ്പോൾ ആ അമ്പരപ്പ് മാറി കിട്ടി. ടിക്കറ്റിലുള്ള സീറ്റ് നമ്പർ കണ്ടെത്താൻ തലയെണ്ണൽ അല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല. സീറ്റിലെ തുരുമ്പിനും ചകരിക്കും ഇടയിൽ കിട്ടിയ കുറച്ചു സ്ഥലത്ത് ആസനം ഉറപ്പിച്ചപ്പോഴും ആശ്വാസമായി ഒരു ചിന്ത ഉണ്ടായിരുന്നു. കാറ്റും വെളിച്ചവും കിട്ടുമല്ലോ സീറ്റിനനുസരിച്ചല്ലേ ടിക്കറ്റുള്ളൂ എന്നത്.  സീറ്റിനനുസരിച്ചേ ടിക്കറ്റുള്ളൂ എന്നതൊക്കെ ബസ് സ്റ്റേഷൻ വിടുന്നതു വരെ മാത്രമുള്ള നിയമമായിരുന്നു. അടുത്ത സ്റ്റോപ്പ് മുതൽ അങ്ങ് ബുന്ദി വരെ ശ്വാസം വരെ കഴിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ജനം. ഓരോ ആൾക്കാർ ബസ്സിൽ കയറുമ്പോഴും അവരുടെ വീട് കൂടെ ബസ്സിൽ കയറുന്നുണ്ടോ എന്നൊക്കെ നമുക്ക് സംശയം വരും.


പോരാളികളുടെ നാടായത് കൊണ്ടാവും ബസ്സിൽ പോരിന് ഒരു കുറവുമില്ലായിരുന്നു. ഒരു കാൽ യുദ്ധത്തിൽ നഷ്ടപ്പെട്ട ഒരു പട്ടാളക്കാരന് ഇറങ്ങേണ്ട സ്ഥലത്ത് ബസ്സിന് സ്റ്റോപ്പില്ല എന്നും പറഞ്ഞ് തുടങ്ങിയ തർക്കം അടിയോടടുത്തു. അവസാനം പത്തു രൂപ അധികം കൊടുക്കുകയും കുറേ തെറി വാങ്ങുകയും ചെയ്യേണ്ടി വന്നു ഇറങ്ങേണ്ടെടുത്ത് ഇറങ്ങാൻ. രാജ്യസ്നേഹം പത്തു രൂപയ്ക്കു മുന്നിൽ തോറ്റ കഥ പറയാനായി ആ പാവത്തിന്. 170 കിലോമീറ്റർ ഓടാൻ എട്ടു മണിക്കൂർ എടുത്ത ബസ്സാണ് സ്റ്റോപ്പില്ല സമയമില്ലാ എന്നൊക്കെ തർക്കിച്ചത് എന്നതു വേറെ രസം.

ബുന്ദിയിലേക്കുള്ള യാത്ര തുടർന്നു. ബുന്ദിക്ക് എത്ര അടുത്തിട്ടും ഒരു സൈൻ ബോഡിൽ വരെ ബുന്ദി എന്നു കാണാത്തത് ആ സ്ഥലത്തിന്റെ പ്രസിദ്ധിയെ കുറിച്ച് ഒരു ബോധമുണ്ടാക്കി. ഓൺലൈനിൽ റൂം നോക്കിയപ്പോൾ വിരലിലെണ്ണാവുന്ന റൂമുകളെ ബുന്ദിയിൽ ഉണ്ടായിരുന്നുള്ളൂ. അതിൽ നിന്നു തിരഞ്ഞെടുത്ത അന്നപ്പൂർണ്ണ ഹവേലി എന്ന ഹോം സ്റ്റേയിൽ നിന്ന് ബസ്സിലിരിക്കെ വിളി വന്നു.

"നിങ്ങൾ ഇന്നു വരുന്നുണ്ടോ" എന്ന് വളരെ വേഗതയുള്ള ഹിന്ദിയിൽ ഒരു പ്രായമായ‌ ശബ്ദം ചോദിച്ചു. താമസിക്കുമെങ്കിൽ ഭക്ഷണം ഒരുക്കാമെന്നും, ഒമ്പതിനു ശേഷം ആ നാട്ടിൽ ഭക്ഷണം പുറത്തു നിന്നു കിട്ടില്ലായെന്നും അങ്ങേരു പറഞ്ഞു. അതും കൂടിയായപ്പോൾ ആ‌ നാടിനെ കുറിച്ച് ഒരു ധാരണയായി. ഇന്റർനെറ്റിൽ ഇവിടേക്കു വരാൻ ഉപദേശിച്ച സായിപ്പിനെ പല്ലു ഞെരിച്ചു കൊണ്ട് സ്തുതിച്ചു.


ഇതിനിടെ, ഈ നീണ്ട യാത്രയ്ക്കിടെ ബസ്സിലെ ഒരു വിധം എല്ലാവരോടും ബുന്ദി എത്തിയാൽ പറയണമെന്ന് ഞാൻ പറഞ്ഞേൽപ്പിച്ചു കഴിഞ്ഞിരുന്നു. ബസ് ബുന്ദിയിലേക്ക് തിരിഞ്ഞപ്പോൾ ബസ്സിലെ ഭൂരിഭാഗവും ഒരേ സ്വരത്തിൽ ബുന്ദി എത്തിയത് അറിയിച്ചത് ബസ്സിലെ അവസാനത്തെ തമാശയായി. 170 കിലോമീറ്ററോളമാണ് അജ്മീറിൽ നിന്ന് ബുന്ദിയിലേക്കുള്ള ദൂരം. ബസ്സിന്റെ ആ അവസ്ഥയിലും ബുന്ദിവരെ എത്തിയതിന് രാജസ്ഥാനിലെ റോഡിന് നന്ദി പറയണം.

ബുന്ദി അത്ഭുതപ്പെടുത്തി കളഞ്ഞു. മനുഷ്യര് ഉറങ്ങിയ ബുന്ദിയിലേക്കായിരുന്നു ഇറങ്ങിയത്. നവൽസാഗറും ഗർപാലസും തെളിഞ്ഞ പ്രകാശത്തോടെ ചിരിച്ചുകൊണ്ട് ബുന്ദിയിലേക്ക് സ്വാഗതം ചെയ്തു. രാജസ്ഥാനിൽ ഒരു മാസത്തോളമായി ചുറ്റുന്നതു കൊണ്ടു തന്നെ തടാകങ്ങളും കൊട്ടാരങ്ങളും മടുത്ത് തുടങ്ങിയിരുന്നു. പക്ഷെ ഈ‌ നവൽസാഗറിനും ഗർപാലസിനും കണ്ണുകളിൽ സമാധാനമെത്തിക്കാനുള്ള സൗന്ദര്യമുണ്ടായിരുന്നു.



നവൽസാഗറിന്റെ കണ്ണു തുറക്കുന്നെടുത്ത് തന്നെയായിരുന്നു അന്നപൂർണ്ണ ഹോം സ്റ്റേ. ഒരു അപ്പൂപ്പനും അമ്മൂമയും അവരുടെ രണ്ടു പേരകുട്ടികളും മാത്രമുള്ള ഒരു വീട്. ആ ചെറിയ വീടിന്റെ മുകളിലെത്തെ നിലയിൽ സഞ്ചാരികളെ താമസിപ്പിച്ച് വരുമാനമുണ്ടാക്കുകയാണ് ഇവർ. കുട്ടികളിൽ വലുതായിരുന്ന കുട്ടി സാനിയ, ഇംഗ്ലീഷ് അറിയുന്ന അവൾക്കാണ് വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും നാടിനെ കുറിച്ചുള്ള വിവരങ്ങൾ അവർക്ക് നൽകാനുമുള്ള ചുമതല. അവൾ ഞങ്ങളെ ദേവ് എന്നു വിളിക്കുന്ന ദേവേന്ദ്രയെ ഏൽപ്പിച്ചു. മദ്യവും മാംസവും വിളമ്പുന്നോണ്ട് ആ വീട്ടിലെ ആരും മുകളിലത്തെ നിലയിലേക്ക് കയറില്ല. ദേവ് ആണ് മുകളിലത്തെ കാര്യങ്ങൾ നോക്കുക. ദേവ് ഒരുക്കിയ ഭക്ഷണം വിശപ്പടക്കിയില്ല. എങ്കിലും വേറെ രക്ഷ ബുന്ദിയിൽ ഇല്ലായിരുന്നു.

ഗർപാലസ് പിറകിലും നവൽസാഗർ മുന്നിലുമായി പ്രഭാതം ഉണർന്നു. ഒരു ബഹളവുമില്ലാത്ത പ്രഭാതത്തിൽ അലാറം ആയത് ദേവ് ആയിരുന്നു. ദേവ് തട്ടി വിളിച്ച് ചായ തന്നു. പിന്നീടുള്ള ദിവസങ്ങളിലും പതിവ് ഇതായിരുന്നു. ദേവിന്റെ ചായ, അതു കഴിഞ്ഞ് ബുന്ദി നടന്നു തീർക്കുക. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും പട്ടികളും പന്നികളും പശുക്കളുമൊക്കെ ഏകദേശം ഒരേ അളവിൽ കുഴപ്പമൊന്നും ഇല്ലാതെ ജീവിക്കുന്ന ഒരു പാവം നാടാണ് ബുന്ദി. ഇവിടുള്ളോർ പറയുന്നതു പോലെ 'നടന്നു തീർക്കാവുന്ന നഗരം'. രണ്ടു ദിവസം തികച്ചു നിന്നാൽ അവിടെ തെരുവിലുള്ള പന്നികളെ വരെ നമുക്ക് പേരിട്ടു വിളിച്ച് പരിചയമാക്കാം. അത്രയ്ക്കു നമ്മളിൽ കൊള്ളുന്ന സ്ഥലം. ജോദ്പൂരൊക്കെ പോലെ ഇവിടെയും ഭൂരിഭാഗം വീടുകളും നീല പുതച്ചിരിക്കുകയാണ്. റോയലിറ്റിയുടെ നിറമായല്ല്ല്ല നീല , മറിച്ച് കൊതുകിൽ നിന്ന് രക്ഷപ്പെടാനാണ് നീല രാജസ്ഥാന്റെ ഭാഗമായത് എന്നതു പോലുള്ള രസകരമായ കാര്യം പറഞ്ഞു തന്നു ദേവ് ദേവേന്ത്രനാകും ഇടയ്ക്.



ബുന്ദിക്ക് ടൂറിസ്റ്റുകൾ വേണ്ട ജീവിക്കാൻ, അതുകൊണ്ടു തന്നെ രാജസ്ഥാനിലെ മറ്റു സ്ഥലങ്ങളിലെ പോലെ ടൂറിസത്തിനു വേണ്ടി ആരും ഒന്നും ഇവിടെ ചെയ്യുന്നുമില്ല. ഗർപാലസും, കോട്ടയും, ചിത്രശാലയുമാണ് ചരിത്രത്തിന്റെ ബാക്കിയായി ബുന്ദിയിൽ അവശേഷിക്കുന്നത്. ആടുത്ത തവണ ബുന്ദിയിൽ എത്തുന്നതു വരെ ഇവയ്ക്കൊന്നിനും ആയുസ്സുണ്ടാകും എന്ന് ഉറപ്പിക്കാൻ വയ്യ. ഗർപാലസിൽ പലഭാഗവും സ്വയം ഭരമേൽപ്പിച്ചു മാത്രം കയറിചെല്ലാൻ പറ്റുന്നവയാണ്. എപ്പൊ വേണേലും നമ്മളെ കൂട്ടി താഴേക്ക് പതിക്കും. ഗർപാലസിന്റെ മുകളിലത്തെ നിലയിലുള്ള ചൈനീസ് ജപ്പാനീസ് കലാകാരന്മാരുടെ മാരക ചിത്രങ്ങൾ നല്ല കണ്ണുള്ളവർക്കു മാത്രം കാണാൻ പറ്റുന്ന പാകത്തിലായിട്ടുണ്ട്. കാമസൂത്ര ചിത്രങ്ങൾ ചുമരിൽ വരയ്ക്കപ്പെട്ട ഒരേയൊരു കൊട്ടാരം ഇതായിരിക്കണം.

കൊട്ടാരത്തേക്കാൾ നമ്മെ തളർത്തുക ചിത്രശാലയുടെ കിടപ്പാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ചുമർ ചിത്ര കലയാണ് ചിത്രശാലയിൽ ഉള്ളത്. അത് ദ്രവിച്ച് ദ്രവിച്ച് ഒരു പതിറ്റാണ്ടിനെ കൂടെ നേരിടാനുള്ള ആരോഗ്യമില്ലാതെ ചുമരിൽ കിടക്കുകയാണ്. ഫോർട്ടിനും ചിത്രശാലയ്ക്കും പാലസിനുമൊക്കെ കൂടെയായി ആകെ മൂന്നേ മൂന്നു തൊഴിലാളികളേയുള്ളൂ എന്നതു മാത്രം മതി ബുന്ദിക്ക് രാജസ്ഥാൻ ടൂറിസം മാപ്പിലുള്ള സ്ഥാനത്തെ കുറിച്ച് ബോധ്യം വരാൻ.



ആദ്യ ദിവസം രാത്രി കയ്യിലെ പണം തീർന്നതു കാരണം എ ടി എം തപ്പി നടന്നപ്പോഴാണ് ബുന്ദിയിലെ ജനങ്ങളെ അടുത്തറിഞ്ഞത്. വഴി ചോദിച്ചാൽ വഴി മനസ്സിലാക്കി തന്നേ വിടൂ എന്നു വാശിയുള്ളവരാണ് ബുന്ദി നിവാസികൾ. കടയിലിരിക്കുന്നവരോട് വഴി ചോദിച്ചാൽ കടയിൽ നിന്നിറങ്ങി നടന്നൊക്കെ വഴി പറഞ്ഞുതരും. പക്ഷെ അവർക്കൊക്കെ എടിഎം എവിടെയെന്നതിന് നല്ല മറുപടി ഇല്ലായിരുന്നു. വൈകിട്ട് ആറു മണിക്ക് ശേഷം എ ടി എമ്മുകൾ പ്രവർത്തിക്കേണ്ട എന്നാണത്രേ ബാങ്കുകളുടെ തീരുമാനം. ബുന്ദിയുടെ അവസാനത്തിലുള്ള എസ് ബി ടി എടിഎം രക്ഷയാകുന്നത് വരെ പറഞ്ഞു തരാൻ വന്ന ആരുടെയൊക്കെയോ കൂടെ നടന്നു.

തിരിച്ചുവരാൻ നേരത്താണ് എവിടെയോ വായിച്ച ബുന്ദിയിലെ ചായയെ കുറിച്ചോർമ്മ വന്നത്. ചോദിച്ച ആദ്യത്തെ ആളുതന്നെ പറഞ്ഞു അതു 'കിഷൻസ് ചായ' ആണെന്ന്. കിഷൻ എന്ന കൃഷ്ണൻ ഭായ്. കിഷന്റെ ചായക്കട ഒരദ്ഭുത ലോകമായിരുന്നു. ഒരു മുറി ചായക്കട, ആ ഒരു മുറിയിടെ ചുമരുകളിലാണ് വിസ്മയ ലോകം ഇരിക്കുന്നത്. 15 വർഷമായി ആ‌ കട തുടങ്ങിയിട്ട് അന്നു മുതൽ ഇന്നുവരെ വന്ന ആയിരകണക്കിന് സഞ്ചാരികളുടെ കലാവിരുതിന്റേയും സന്ദേശങ്ങളുടേയും സത്രമാണ് ആ ചുമരുകൾ. ചായ പറഞ്ഞ് അവിടെ ഇരുന്നപ്പോൾ കൃഷ്ണേട്ടൻ കഥകൾ പറഞ്ഞു. ഒരു ചൈനീസ് യുവതി ചിത്രം വരച്ചോട്ടെ എന്നു ആദ്യം ചോദിച്ചതു മുതൽ ചായ കുടിച്ച് ഓസ്ട്രേലിയയിലേക്കു പോയ സഞ്ചാരി അവിടെ നിന്ന് സമ്മാനങ്ങൾ അയച്ചു തന്നതു വരെ.


ആറു ഡയറികളാണ് കൃഷ്ണേട്ടന്റെ ചായക്കടയിൽ യാത്രികർ എഴുതി നിറച്ചിരിക്കുന്നത്. എനിക്ക് തിരിച്ചറിയാനാവാത്ത എത്രയോ ഭാഷകൾ ആ‌ ഡയറിയിലും ചുമരിലും. ബ്രഷ് കയ്യിൽ തന്ന് ചുമരിൽ സ്ഥലം കണ്ടെത്തുകയാണെങ്കിൽ എഴുതിക്കോളൂ എന്നു തമാശയായി കൃഷ്ണേട്ടൻ. ഒരു മുറിക്കവിത മലയാളത്തിൽ എഴുതി വെച്ച് ആ ചുമരിന്റെ ഭാഗമായി. ആ ഡയറിയിൽ ആദ്യമായി മലയാള ഭാഷയും കയറി. കൃഷ്ണേട്ടൻ നീട്ടിയ ചായ കുടിക്കുമ്പോൾ ആരോ എഴുതിയ വാക്കുകൾ ചുമരിൽ "A Chai to the Moon'
തനിക്ക് സഞ്ചരിക്കാൻ കഴിയാത്തതു കൊണ്ട് ലോകത്തെ തന്നിലേക്കെത്തിക്കുകയാണ് ആ‌ മനുഷ്യൻ. എത്ര ഹിന്ദി നിങ്ങൾ പറഞ്ഞാലും മുറിച്ച് മുറിച്ച് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചേ അദ്ദേഹം മറുപടി പറയൂ. സ്കൂളിൽ പോകാത്ത വായിക്കാനറിയാത്ത തനിക്ക് ഈ ഡയറിയും ചുമരും വായിക്കേണ്ട വിഷമമില്ലല്ലോ എന്നു എല്ലാം ചിരിയിലൊതുക്കി ആ ബുന്ദിയുടെ പ്രതീകം പറയും.

നമ്മുടെ ചായ കഴിയുമ്പോഴേക്ക് അടുത്ത സഞ്ചാരി എത്തും. കൃഷ്ണേട്ടൻ വീണ്ടും പതിനഞ്ചു കൊല്ലം മുന്നേ കട തുറക്കും കഥകൾക്കൊടുക്കം വന്നയാളുടെ കയ്യിൽ ബ്രഷ് കൊടുത്തിട്ട് ചുമരിൽ സ്ഥലമുണ്ടോന്നു ചോദിച്ച് ചിരിക്കും. ബുന്ദിയുടെ ചിരി.


ബുന്ദിയിലെ അവസാന രാത്രിയിലാണ് റോബിനേയും എലവേനയേയും പരിചയപ്പെടുന്നത്. രാത്രി എ ടി എമ്മിനു മുന്നേൽ പണം കിട്ടാത്തതിൽ വിഷമിച്ചിരിക്കുന്ന രണ്ടു വിദേശികൾ. അവരെ കടന്നു പോകുമ്പോൾ ആത്മഗദം പോലെ " അതീന്നൊന്നും കിട്ടാൻ പോണില്ലാ" എന്നു സ്വയം പറഞ്ഞു പോയപ്പോ റോബിൻ എന്തോ എന്നോട് ചോദിച്ചു. വ്യക്തതയ്ക്കു വേണ്ടി എന്താ  എന്നു ഇംഗ്ലീഷിൽ ചോദിച്ചപ്പോഴാണ് റോബിന്റെ മറുപടി വന്നത്.

"അല്ലാ ഇങ്ങള് മലയാളം പറേന്ന കേട്ട്!"


റോബിൻ ഞാൻ കരുതിയത് പോലെ വിദേശിയാണ്. പക്ഷെ കണ്ണൂരിൽ നിന്നു പോയി അമേരിക്കക്കാരനായതാണ്. എലവേന ഫ്രഞ്ചുകാരിയായ അവന്റെ സുഹൃത്തും. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് റോബിനും നമ്മളും തനി കണ്ണൂർക്കാരായി.
"നീ ഈടയാ നിക്കുന്നേ, ആട നമ്മളെ വീടിണ്ടേനും" എന്നൊക്കെ പറഞ്ഞപ്പോൽ ഇങ്ങള് അമേരിക്കേൽ തന്നാണോ എന്നു ഞാൻ ഒന്നൂടെ ചോദിച്ച്. എലവേനയ്ക്ക് ബുന്ദിയിൽ സ്വന്തമായി വീടുണ്ട്. ഗർപാലസിനും മുകളിൽ. അവിടേക്കു ക്ഷണിച്ചു. ഞാൻ ജയ്പൂരിലേക്കും അവർ കണ്ണൂരിലേക്കും അടുത്ത പകൽ വണ്ടി കയറും. കഥകൾ കുറേ പറഞ്ഞു. ബുന്ദിയിലെ ടൂറിസത്തിന്റെ മോശം അവസ്ഥ തന്നെയായിരുന്നു ചർച്ച. മുന്നേ ഇവിടെ വന്ന ഫ്രഞ്ചുകാർ ബുന്ദി നോർത്ത് ഇന്ത്യയുടെ ഗോവയാകുമെന്നും ലഹരിയില്ലാത്ത കസോളാകുമെന്നും പറയുമായിരുന്നു അത്രേ. ഈ‌ സ്ഥലത്തിന് ടൂറിസം മാപ്പിൽ സ്ഥാനമില്ലാത്തതിൽ വിഷമമുണ്ടേലും ഒരു കണക്കിന് ഇത് blessing in disguise ആണെന്ന് എലവേന പറഞ്ഞു. വളർന്നിരുന്നു എങ്കിൽ ബുന്ദിയിലും സഞ്ചാരികൾക്ക് സമാധാനം നഷ്ടപ്പെട്ടേനെ.

പിറ്റേന്നു ബുന്ദി ഉണരും മുന്നേ വന്നതിനേക്കാൾ തമാശയായിരുന്ന ഒരു ബസ് യാത്രയിൽ ജയ്പൂരിലേക്ക്.

തിരിച്ച് ഇവിടേക്കേ വരൂ എന്നുറപ്പിച്ച് കൊണ്ട്...
Share: